പാദസംരക്ഷണത്തിന് 12 വഴികൾ

Beauty

പാദസംരക്ഷണത്തിന് നാം പലപ്പോഴും വേണ്ടത്ര പരിഗണന നൽകാറില്ല. മുഖസൗന്ദര്യത്തിനും ശരീരസൗന്ദര്യത്തിനും നൽകുന്ന പ്രാധാന്യവും പരിചരണവും പാദങ്ങൾക്കും നൽകേണ്ടതാണ്. ഏതു കാലാവസ്ഥയിലും പ്രത്യേകം ശ്രദ്ധ നൽകേണ്ട ഒന്നാണ് പാദങ്ങളുടെ സംരക്ഷണവും. പാദങ്ങളിലെ ചർമ്മം വരണ്ടതാകുന്നതിനും വിണ്ടുകീറുന്നതിനുള്ള പ്രധാനകാരണം പാദങ്ങളിൽ എണ്ണഗ്രന്ഥികൾ ഇല്ലാത്തതാണ്. കൂടാതെ പാദത്തിൻ്റെ വശങ്ങളിലുള്ള ചർമത്തിൻ്റെ കട്ടി കൂടുന്നതും പാദങ്ങൾ വിണ്ടുകീറുന്നതിന് കാരണമായി തീരാറുണ്ട്. ഒരുപാട് നേരം നിന്ന് ജോലി ചെയ്യുന്നവരിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്. ഇതിനോടൊപ്പം നമ്മുടെ പരിചരണക്കുറവും ജലാംശമില്ലായ്മയും കൂടിയാകുമ്പോൾ കാലുകൾ പെട്ടെന്നുതന്നെ വിണ്ടുകീറാൻ തുടങ്ങുന്നു. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് വളരെ ലളിതമായി എളുപ്പത്തിൽ എങ്ങനെ മൃദുലവും സുന്ദരവുമായ പാദങ്ങൾ കാത്തുസൂക്ഷിക്കാം എന്ന് നമുക്ക് പരിശോധിക്കാം. അതിനായി പാദസംരക്ഷണത്തിനുള്ള പന്ത്രണ്ട് വഴികൾ ആണ് ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

1. ഭക്ഷണം

പാദസംരക്ഷണത്തിന് 12 വഴികൾ - ഭക്ഷണം

പാദസംരക്ഷണത്തിന് നാം കഴിക്കുന്ന ഭക്ഷണങ്ങൾക്കു വളരെയധികം പ്രാധാന്യമുണ്ട്. വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്ന പച്ചക്കറികളും ധാന്യങ്ങളും എണ്ണയും, കാൽസ്യം അടങ്ങിയ പാൽ, ചീസ്, തൈര്, ഇരുമ്പടങ്ങിയ മുട്ട, മത്സ്യം, മാംസം, പച്ചക്കറികൾ, സിങ്ക് അടങ്ങിയ കക്ക, ഞണ്ട്, പയർ, ഉണക്കലരി എന്നിവ കാൽപാദങ്ങളുടെ  സംരക്ഷണത്തിന് സഹായിക്കുന്നവയാണ്. ഇവ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക വഴി കാൽപാദങ്ങൾ വിണ്ടുകീറുന്നത് തടയാനാവും. നാം കുടിക്കുന്ന വെള്ളത്തിൻ്റെ അളവ് കുറയുന്നതും പാദങ്ങളുടെ വരൾച്ചയ്ക്ക് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ധാരാളം വെള്ളം കുടിക്കുന്നത് വഴി പാദങ്ങളുടെ വരൾച്ചയും വിള്ളലും ഒരു പരിധിവരെ തടയുന്നതാണ്.

2. പ്യൂമിസ് സ്റ്റോൺ (Pumice Stone)

പാദസംരക്ഷണത്തിന് 12 വഴികൾ - പ്യൂമിസ് സ്റ്റോൺ (Pumice Stone)

ഇന്ന് ഒട്ടുമിക്ക ബ്യൂട്ടിഷോപ്പുകളിലും ലഭ്യമായ പ്യൂമിസ് സ്റ്റോൺ പാദങ്ങളിലെ നിർജ്ജീവമായ ചർമത്തെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഒരു പാത്രത്തിൽ ചെറു ചൂടുവെള്ളം എടുത്ത് അല്പം ഷാംപൂ ചേർത്ത് 10-15 മിനിട്ട് പാദങ്ങൾ അതിൽ മുക്കി വയ്ക്കുക. അതിനുശേഷം കാൽ പുറത്തെടുത്ത്  പാദങ്ങളിലെ അടിഭാഗങ്ങൾ പ്യൂമിസ് കല്ലുകൊണ്ട് മസാജ് ചെയ്യുക. ഇതുപയോഗിക്കുമ്പോൾ ചർമ്മത്തിൽ അമിത സമ്മർദ്ദം ഉണ്ടാക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പാദങ്ങളിലെ  ഇളകിയ തൊലിയെല്ലാം കളഞ്ഞു കാൽപാദം മൃദുവും മിനുസമുള്ളതും ആകാൻ ഇത് സഹായിക്കുന്നു. അതിനുശേഷം വൃത്തിയുള്ള ഒരു തുണി കൊണ്ട് പാദങ്ങൾ തുടച്ച് ഏതെങ്കിലുമൊരു മോസ്ചുറൈസർ ക്രീമോ എണ്ണയോ കാലിൽ പുരട്ടുക. ആഴ്ചയിൽ രണ്ടുമൂന്നു തവണയെങ്കിലും ഇത് ചെയ്താൽ പാദങ്ങൾ മൃദുവും സുന്ദരവുമാകാൻ സഹായിക്കുന്നതാണ്. എന്നാൽ ചർമം മൃദുവായിട്ടുള്ള ഒരാൾ പ്യൂമിസ് സ്റ്റോൺ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

3. വെളിച്ചെണ്ണ 

പാദസംരക്ഷണത്തിന് 12 വഴികൾ - വെളിച്ചെണ്ണ

ദിവസവും രാത്രി കിടക്കുന്നതിനു മുൻപ് വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് പാദസംരക്ഷണത്തിന് നല്ലതാണ്. 

വെളിച്ചെണ്ണ ഉപയോഗിച്ചതിനു ശേഷം പാദം മുഴുവൻ മറഞ്ഞിരിക്കുന്ന തരത്തിൽ സോക്സ് ധരിക്കുക. രാവിലെ സോക്സ് മാറ്റി പാദങ്ങൾ നന്നായി ഉരച്ചു കഴുകുക. ദിവസവും ഇത് ചെയ്യുന്നത് പാദങ്ങളുടെ വിണ്ടുകീറൽ മാറ്റുന്നതിന് സഹായിക്കുന്നു.

വെളിച്ചെണ്ണ പഞ്ചസാരയും ചേർത്തു പാദങ്ങളിൽ തേയ്ക്കുന്നതും ഗുണം ചെയ്യുന്നതാണ്.

4. തേൻ

പാദസംരക്ഷണത്തിന് 12 വഴികൾ - തേൻ

പ്രകൃതിദത്തമായ ഒരു മോയ്സ്ചുറൈസർ ആണ് തേൻ. സൗന്ദര്യസംരക്ഷണത്തിൽ തേനിന് വളരെ വലിയൊരു സ്ഥാനമാണുള്ളത്. പാദങ്ങളുടെ സംരക്ഷണത്തിനും തേൻ ഉത്തമമാണ്. മൂന്ന് സ്പൂൺ തേനും മൂന്നു സ്പൂൺ വെള്ളവും സമം ചേർത്ത് മിക്സ് ചെയ്തു പാദങ്ങളിൽ നന്നായി മസാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം ഇത് കഴുകികളയുക. പതിവായി ഇത് ചെയ്താൽ പാദങ്ങൾ മൃദുലവും സുന്ദരവുമാകുന്നതാണ്.

5. നാരങ്ങ

പാദസംരക്ഷണത്തിന് 12 വഴികൾ - നാരങ്ങ

മുഖത്തിൻ്റെയും ചുണ്ടുകളുടെയും സൗന്ദര്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന നാരങ്ങ പാദസംരക്ഷണത്തിനും ഉപയോഗിക്കാവുന്നതാണ്. ചെറു ചൂടുവെള്ളത്തിൽ നാരങ്ങനീരും ചേർത്ത് 10-15 മിനിറ്റ് കാൽ മുക്കിവയ്ക്കുക. അതിനുശേഷം പാദങ്ങൾ പ്യൂമിസ് സ്റ്റോൺ ഉപയോഗിച്ച് മസാജ് ചെയ്യുക. പൊട്ടിയ നിർജ്ജീവമായ ചർമത്തെ നീക്കം ചെയ്തു പാദങ്ങളിലെ മൃദുവായ ചർമം നിലനിർത്താൻ ഇത് സഹായിക്കുന്നു. 

തേനും ഗ്ലിസറിനും നാരങ്ങനീരും ചേർന്ന മിശ്രിതം കാൽപാദങ്ങളിൽ പുരട്ടുന്നതും ഉത്തമമാണ്.

ഒരു സ്പൂൺ നാരങ്ങനീരും വാസലിനും ചേർത്ത് പാദങ്ങളിൽ പുരട്ടുന്നതും പാദങ്ങൾ വിണ്ടുകീറുന്നത് തടയുന്നു.

6. കറ്റാർവാഴ

പാദസംരക്ഷണത്തിന് 12 വഴികൾ - കറ്റാർവാഴ

ആയുർവേദത്തിൽ കേശസൗന്ദര്യത്തിനും ചർമസൗന്ദര്യത്തിനും ത്വക്ക് രോഗങ്ങൾക്കുമുള്ള  ക്രീമുകളിലും എല്ലാം ഉപയോഗിക്കുന്ന കറ്റാർവാഴ പാദസംരക്ഷണത്തിനും ഉപയോഗിക്കാവുന്ന ഒരു ഒരു ഔഷധചെടിയാണ്. കറ്റാർവാഴയുടെ ജെൽ ഉപയോഗിച്ച് കാൽപാദങ്ങളിൽ നന്നായി മസാജ് ചെയ്യുക. 20 മിനിട്ടിനുശേഷം കാൽ നന്നായി ഉരച്ചു കഴുകുക. ആഴ്ചയിൽ കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും  കറ്റാർവാഴ പുരട്ടുന്നത് പാദങ്ങൾ വിണ്ടുകീറുന്നത് തടയാനും മൃദുത്വം കാത്തുസൂക്ഷിക്കാനും ഗുണകരമാണ്.

7. ഓട്സ് (Oats)

പാദസംരക്ഷണത്തിന് 12 വഴികൾ - ഓട്സ്

ഏറ്റവും ആരോഗ്യകരമായ ധാന്യമായ ഓട്സ് എങ്ങനെ പാദസംരക്ഷണത്തിനു ഗുണം ചെയ്യുന്നു എന്ന് നിങ്ങൾ ഒരു നിമിഷം ചിന്തിച്ചേക്കാം. മൂന്നു സ്പൂൺ ഓട്സും ഒരു സ്പൂൺ വെളിച്ചെണ്ണയും ചേർത്തു പാദങ്ങളിൽ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിനുശേഷം ശുദ്ധജലം ഉപയോഗിച്ച് കഴുകികളയുക. ആഴ്ചയിൽ രണ്ടു മൂന്നു പ്രാവശ്യമെങ്കിലും ഇത് ചെയ്യുന്നത് പാദങ്ങളുടെ വിണ്ടുകീറൽ തടയുന്നതിനും പാദങ്ങൾ സുന്ദരമാകുന്നതിനും സഹായിക്കുന്നു.

 8. ഒലിവ് ഓയിൽ (Olive Oil)

പാദസംരക്ഷണത്തിന് 12 വഴികൾ - ഒലിവ് ഓയിൽ

ആൻറി ഓക്സിഡൻ്റുകൾ കൊണ്ട് സമ്പന്നമായ ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ എണ്ണകളിൽ ഒന്നാണ് ഒലിവ് ഓയിൽ. ഹൃദയാരോഗ്യത്തിന് ഉത്തമമായ ഒലിവ് ഓയിൽ പാദസംരക്ഷണത്തിനും ഉപയോഗിക്കാവുന്നതാണ്. പാദങ്ങൾ വിണ്ടുകീറുന്നത് തടയാനും ചർമ്മം മൃദുലമാകാനും ഇത് സഹായിക്കുന്നു. ഒലിവ് ഓയിൽ അല്പം വെള്ളവും ചേർത്ത് നന്നായി ലയിപ്പിച്ച് പാദങ്ങളിൽ തേച്ചുപിടിപ്പിക്കുക. ഇത് പതിവായി ഉപയോഗിക്കുന്നത് പാദങ്ങൾക്ക് ഗുണം ചെയ്യും.

9. അരിപ്പൊടി

പാദസംരക്ഷണത്തിന് 12 വഴികൾ - അരിപ്പൊടി

കാലിലെ മൃതകോശങ്ങളെ നശിപ്പിക്കാൻ അരിപ്പൊടി ഉത്തമമാണ്. മൂന്നു സ്പൂൺ അരിപ്പൊടിയിൽ ഒരു സ്പൂൺ ഒലിവ് ഓയിൽ, ഒരു സ്പൂൺ വിനാഗിരി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക. പാദങ്ങൾ നന്നായി വൃത്തിയാക്കിയതിനുശേഷം ഈ മിശ്രിതം തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം ഇത് കഴുകി കളയുക. ഇടയ്ക്കിടെ ഇത് ചെയ്യുന്നത് പാദങ്ങൾ വിണ്ടുകീറുന്നത് തടയാനും സുന്ദരമാകാനും സഹായിക്കുന്നു.

10. വാഴപ്പഴം

പാദസംരക്ഷണത്തിന് 12 വഴികൾ - വാഴപ്പഴം

ഒരു വാഴപ്പഴം എടുത്ത് മിക്സിയിൽ നന്നായി അരച്ച് പേസ്റ്റാക്കി പാദങ്ങളിൽ തേയ്ക്കുക. 10-15 മിനിട്ട് കഴിഞ്ഞു ചെറു ചൂടുവെള്ളത്തിൽ പാദങ്ങൾ കഴുകിയതിനു ശേഷം നന്നായി തുടച്ച് ഏതെങ്കിലും മോയ്സ്ചുറൈസിംഗ് ക്രീം പുരട്ടുക. വാഴപ്പഴ മിശ്രിതത്തിനോടൊപ്പം ഒരു സ്പൂൺ തേനും കൂടി ചേർത്ത് കാലിൽ പുരട്ടുന്നതും നല്ലതാണ്.

11. ഗ്ലിസറിൻ (Glycerin)

പാദസംരക്ഷണത്തിന് 12 വഴികൾ - ഗ്ലിസറിൻ

ഗ്ലിസറിൻ നാരങ്ങാനീര് എന്നിവ സമമായെടുത്ത് നന്നായി മിക്സ് ചെയ്തു കാൽപാദങ്ങളിൽ തേച്ചുപിടിപ്പിക്കുക. 20 മിനിറ്റിനുശേഷം പാദങ്ങൾ നന്നായി ഉരച്ച് കഴുകുക. നല്ലൊരു മോയ്സ്ചുറൈസിംഗ് കൂടിയായ ഗ്ലിസറിൻ ഉപയോഗിക്കുന്നതിലൂടെ പാദങ്ങൾ വിണ്ടുകീറുന്നത് തടയാനും മൃദുവാകാനും സഹായിക്കുന്നു. 

12. എള്ളെണ്ണ

പാദസംരക്ഷണത്തിന് 12 വഴികൾ - എള്ളെണ്ണ

രാത്രി ഉറങ്ങുന്നതിനു മുമ്പ് എള്ളെണ്ണ ഉപയോഗിച്ച് കാൽപാദം 15 മിനിറ്റെങ്കിലും മസാജ് ചെയ്യുക. ഇത് പാദങ്ങൾ വിണ്ടുകീറുന്നത് തടഞ്ഞ് മൃദുലമായി സൂക്ഷിക്കാൻ സഹായിക്കുന്നു.

ഇവയെല്ലാം പോലെ തന്നെ പ്രധാനമാണ് നമ്മുടെ പാദരക്ഷകളും.  നമ്മുടെ പാദത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ പാദരക്ഷകൾ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാൽ സുന്ദരവും മൃദുലവുമായ പാദങ്ങൾ നമുക്കും സ്വന്തമാക്കാം.

Related Kids Stories

Leave a Comment