വിഷാദരോഗം അറിയേണ്ടതെല്ലാം

Health

വിഷാദരോഗം നമ്മൾ ഗൗരവകരമായി സമീപിക്കാൻ തുടങ്ങിയത് ഈ അടുത്തകാലത്താണ്. അതിനുമുൻപ് വരെ വിഷാദത്തെ ഒരു രോഗമായോ അതുയർത്തുന്ന മാനസിക വെല്ലുവിളികളെ തിരിച്ചറിയാനോ നാം ശ്രദ്ധിച്ചിരുന്നില്ല. ശരീരവും മനസ്സും മനുഷ്യന് തുല്യപ്രാധാന്യമുള്ളതാണെങ്കിലും ശാരീരികമായ അനാരോഗ്യത്തെക്കുറിച്ച് പറയാനും ചികിത്സ തേടാനും നമുക്ക് മടിയില്ല. എന്നാൽ മനസ്സിൻ്റെ അനാരോഗ്യത്തെക്കുറിച്ച് പറയാനും യഥാസമയം ചികിത്സ തേടാനും നമുക്ക് ഭയമാണ്.   അടുത്തകാലത്തായി പല സെലിബ്രിറ്റികളും തങ്ങൾ വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നു എന്ന് തുറന്നുപറച്ചിലുകൾ നടത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ വിഷാദരോഗത്തിന് നിരവധി ചർച്ചകൾ നടന്നത് സുശാന്ത് സിങിൻ്റെ മരണത്തോടെയാണ്. വിഷാദരോഗം യഥാസമയം ചികിത്സിച്ചില്ലെങ്കിൽ ഒരാളുടെ മരണത്തിനുവരെ ഇടയാക്കിയേക്കാം എന്നു നമുക്കിന്നറിയാം. 

മസ്തിഷ്കത്തിനും നാഡീവ്യൂഹത്തിനും സംഭവിക്കുന്ന പ്രവർത്തന വ്യതിയാനമാണ് വിഷാദരോഗത്തിലേക്ക് നയിക്കുന്നത്. ക്രമേണ നമ്മുടെ ചിന്തകളെ ബാധിക്കുകയും അതുവഴി പ്രവൃത്തി ചെയ്യാനുള്ള താല്പര്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന ഗുരുതര രോഗമായി ഇതു മാറുന്നു. ഇന്ന് ഏറ്റവും കൂടുതൽ ആളുകളിൽ കണ്ടുവരുന്ന ഒരു മാനസിക പ്രശ്നമാണ് വിഷാദരോഗം. ലോകം മുഴുവൻ എല്ലാ പ്രായക്കാരിലും വിഷാദരോഗം കൂടിവരുന്നതായി റിപ്പോർട്ടുകളിൽനിന്നു വ്യക്തമാണ്. വിദ്യാഭ്യാസ തൊഴിൽ മേഖലകളിലെ സമ്മർദ്ദം തന്നെയാണ് ഇതിനുള്ള പ്രധാന കാരണം. ഇന്ന് യുവാക്കളിലെ ആത്മഹത്യകൾ കൂടുന്നതിനുള്ള ഒരു പ്രധാന കാരണവും വിഷാദരോഗം തന്നെയാണ്.

വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങൾ

തീവ്രദുഃഖം, നിരാശബോധം, പെട്ടെന്നുള്ള ദേഷ്യം, അസംതൃപ്‌തി, ഉത്സാഹക്കുറവ്, ക്ഷീണം, ജോലിയിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ പറ്റാത്ത അവസ്ഥ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ആത്മവിശ്വാസമില്ലായ്മ,  ആത്മഹത്യയെപ്പറ്റി ചിന്തിക്കുക, സ്വയം വേദനിപ്പിക്കുക ഇവയാണ് വിഷാദരോഗത്തിൻ്റെ  പ്രധാന ലക്ഷണങ്ങൾ. ഇത്തരം ലക്ഷണങ്ങൾ രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുകയാണെങ്കിൽ അടിയന്തരമായി ഒരു മനോരോഗവിദഗ്ധനെ കാണുക.

ഓരോ പ്രായക്കാരിലും വിഷാദരോഗത്തിൻ്റെ ലക്ഷണങ്ങളിൽ മാറ്റമുണ്ടാകാം. കുട്ടികളിൽ ഉത്സാഹക്കുറവ്, ശ്രദ്ധക്കുറവ്, പഠനത്തിൽ താല്പര്യമില്ലായ്മ, കളികളിലേർപ്പെടാൻ താല്പര്യമില്ലായ്മ, ദേഷ്യം എന്നിവയാണ് ശ്രദ്ധേയമായ ലക്ഷണങ്ങൾ. ചെറുപ്പക്കാരിൽ നിരാശ, മടി, ആത്മഹത്യാപ്രവണത എന്നീ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്. വാർദ്ധക്യത്തിലുള്ളള്ളവരുടെ വിഷാദ രോഗലക്ഷണങ്ങൾ കാരണം കണ്ടെത്താനാവാത്ത ശരീരവേദന, വിശപ്പില്ലായ്മ, വ്യക്തിശുചിത്വം പാലിക്കാൻ താൽപര്യമില്ലാത്ത അവസ്ഥ എന്നിവയാണ്.

വിഷാദരോഗം സ്ത്രീകളിൽ

ഇന്ന് പുരുഷൻമാരെക്കാൾ സ്ത്രീകളിൽ വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ശരീരത്തിലെ ഹോർമോൺ വ്യതിയാനമാണ് ഇതിനുള്ള പ്രധാനകാരണം. പ്രസവാനന്തരം നിരവധി സ്ത്രീകളിൽ വിഷാദം കണ്ടുവരുന്നുണ്ട്. ഹോർമോൺ വ്യതിയാനവും കുഞ്ഞു ജനിച്ച ശേഷം ഉറക്കത്തിൽ വരുന്ന മാറ്റവും ഇതിനുള്ള രണ്ട് പ്രധാന കാരണങ്ങളാണ്. ഈ സമയത്ത് ഉണ്ടാകുന്ന വിഷാദരോഗത്തിന് പ്രത്യേകിച്ച് ചികിത്സയുടെയൊന്നും ആവശ്യമില്ല. സാഹചര്യവുമായി പൊരുത്തപ്പെടുമ്പോൾ ഇത് സ്വാഭാവികമായി മാറും. എന്നാൽജീവിതസാഹചര്യങ്ങളിൽ ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം, പ്രിയപ്പെട്ടവരുടെ വിയോഗം, ചൂഷണത്തിനിരയാകുക, കുടുംബപ്രശ്നങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ട് എന്നീ ഘടകങ്ങളും വിഷാദരോഗത്തിന് കാരണമായിത്തീരാറുണ്ട്. ഈ സാഹചര്യങ്ങളിലെ വിഷാദരോഗം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്

വിഷാദരോഗം കൊണ്ടുള്ള പ്രശ്നങ്ങൾ

വളരെ സങ്കീർണവും എത്രയും വേഗം ചികിത്സ വേണ്ടതുമായ രോഗമാണ് വിഷാദം. കുടുംബത്തിലെ ഒരാൾക്ക് ഈ രോഗമുണ്ടായാൽ കുടുംബത്തിൻറെ മുഴുവൻ സന്തോഷത്തെയും സമാധാനത്തെയും ഇതു ബാധിക്കാം. നമ്മുടെ ജീവിതത്തെ മാറ്റിമറിക്കുന്നതോടൊപ്പം തന്നെ നമ്മുടെ കൂടെ ജീവിക്കുന്നവരുടെയും അവസ്ഥ ഇത് ദുസ്സഹമാക്കുന്നു. കൃത്യസമയത്ത് ചികിത്സ ലഭ്യമാകാതെയിരുന്നാൽ രോഗബാധിതയായ വ്യക്തിയുടെ സ്വഭാവത്തെയും ചിന്തയെയും ഇതു മോശമായി ബാധിക്കുന്നു.

വിഷാദരോഗത്തെ എങ്ങനെ അകറ്റിനിർത്താം

നമ്മുടെ ടെൻഷൻ കുറയ്ക്കുക എന്നത് തന്നെയാണ് ഇതിനുള്ള ആദ്യത്തെ പോംവഴി. നന്നായി ഉറങ്ങുക, വ്യായാമം നമ്മുടെ ജീവിതചര്യയുടെ ഭാഗമാക്കുക, മാനസികസമ്മർദ്ദം നേരിടുന്ന സമയങ്ങളിൽ പരമാവധി ഒറ്റക്കിരിക്കുന്നത് ഒഴിവാക്കുക. ഈ സമയങ്ങളിൽ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ സമയം ചിലവിടുക. നിങ്ങൾ ഏതെങ്കിലും തരം ലഹരിവസ്തുക്കൾ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കിൽ ആ ശീലം ഉപേക്ഷിക്കുക, നല്ല ഭക്ഷണശീലം കൊണ്ടുവരുക, മാനസികമായി എന്തെങ്കിലും അസ്വസ്ഥതകൾ തോന്നുമ്പോൾ ആരോടെങ്കിലും തുറന്നുപറയുകയോ വേണ്ടിവന്നാൽ വൈദ്യസഹായം തേടുകയോ ചെയ്യുക.

കൃത്യസമയത്ത് വൈദ്യസഹായം തേടുന്നതിലൂടെ പൂർണ്ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരു രോഗം തന്നെയാണ് വിഷാദം. ഇന്ന് ആയുർവേദത്തിലും ഹോമിയോപ്പതിയിലും അലോപ്പതിയിലും എല്ലാം ഇതിന് ചികിത്സ ലഭ്യമാണ്. ഇതിനായി നമുക്കു താല്പര്യമുള്ള ഒരു ചികിത്സാരീതി അവലംബിക്കാവുന്നതാണ്. ഏതു ചികിത്സാരീതിയായാലും ഡോക്ടറുടെ കൃത്യമായ നിർദ്ദേശം അനുസരിച്ചാൽ തീർച്ചയായും നമുക്ക് പഴയതുപോലെ ആത്മവിശ്വാസത്തോടെ ജീവിക്കാൻ സാധിക്കുന്നതാണ്. ഇതിനുവേണ്ടി കൃത്യസമയത്ത് ചികിത്സ ആരംഭിക്കേണ്ടതും രോഗം പൂർണമായും മാറുന്നതുവരെ ചികിത്സ തുടരേണ്ടതുമാണ്. ആരോഗ്യമെന്നാൽ ശരീരത്തിൻ്റെ മാത്രമല്ല മനസ്സിൻ്റേതു കൂടിയാണെന്ന ഉത്തമബോധം നമുക്കുണ്ടായിരിക്കണം.

Leave a Comment