ആരോഗ്യസംരക്ഷണത്തിന് നെല്ലിക്ക

Health, Food

നെല്ലിക്കയും നെല്ലിക്കവിഭവങ്ങളും നമ്മൾ മലയാളികൾക്ക് ഏറെ പരിചിതമാണ്. നെല്ലിക്ക നമ്മുടെ ഒരു ഭക്ഷണ വിഭവമാകാറുണ്ടെങ്കിലും  ഇതിൻ്റെ ഗുണങ്ങളെക്കുറിച്ച് പലരും അജ്ഞരാണ് . വളരെയധികം പോഷക ഗുണങ്ങളാൽ സമ്പുഷ്ടമാണ് നെല്ലിക്ക. നമ്മുടെ ആരോഗ്യസംരക്ഷണത്തിന് ഏതൊക്കെ ഘടകങ്ങളാണ് നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നതെന്ന് നമുക്ക് ആദ്യം പരിശോധിക്കാം.

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ

വിറ്റാമിൻ സി, വിറ്റാമിൻ ബി കോംപ്ലക്സ്, ഫോസ്ഫറസ്, കാൽസ്യം, കരോട്ടിൻ എന്നീ നിരവധി ഘടകങ്ങൾ നെല്ലിക്കയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു.

നെല്ലിക്ക കഴിക്കുന്നതു കൊണ്ടുള്ള പ്രയോജനങ്ങൾ

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി നമ്മുടെ കാഴ്ചശക്തി വർദ്ധിപ്പിക്കുകയും തിമിര സാധ്യത കുറയ്ക്കുകയും ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ തലച്ചോറിൻറെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിലും നെല്ലിക്ക ഒരു സഹായിയായി വർത്തിക്കുന്നു.

കാൽസ്യം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ നമ്മുടെ ആഹാരത്തിനോടൊപ്പം നെല്ലിക്ക ഉൾപ്പെടുത്തുന്നത് കൊണ്ട് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കുന്നു. കൂടാതെ എല്ലു രോഗങ്ങളിൽനിന്നും സംരക്ഷണവും നൽകുന്നു. ഇരുമ്പിൻ്റെ അംശം ധാരാളം അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിൽ ഹീമോഗ്ലോബിൻ്റെ അളവ് കൂട്ടുന്നതിനും നെല്ലിക്ക സഹായിക്കുന്നു. പതിവായി നെല്ലിക്ക കഴിക്കുന്നത് കൊളസ്ട്രോൾ സാധാരണനിലയിൽ ആക്കുന്നതിനു സഹായകമാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

നമ്മുടെ ശരീരത്തിലെ ഏറ്റവും മർമപ്രധാന അവയവമായ ഹൃദയത്തിൻ്റെ ആരോഗ്യത്തിനും നെല്ലിക്ക അത്യന്താപേക്ഷിതമാണ്. രോഗപ്രതിരോധശേഷിയും അണുനശീകരണ ശേഷിയും നെല്ലിക്കയിൽ ഒരുപോലെ അടങ്ങിയിട്ടുണ്ട്. ബാക്ടീരിയ ഉൾപ്പെടെയുള്ള അണുക്കളെ നമ്മുടെ ശരീരത്തിൽ നിന്നകറ്റി നിർത്തുക വഴി രോഗങ്ങൾ വരാതെ നമ്മുടെ ശരീരത്തെ സംരക്ഷിക്കാവുന്നതാണ്. ശരീരതാപം കുറയ്ക്കുന്നതിനും മൂത്രാശയ വ്യവസ്ഥ ക്രമപ്പെടുത്തുന്നതിനുമെല്ലാം നെല്ലിക്ക ഉപകരിക്കുന്നു. ഉദരസംബന്ധമായ പ്രശ്നങ്ങളും ഒരളവുവരെ നെല്ലിക്ക കഴിക്കുന്നതിലൂടെ ഒഴിവാക്കാവുന്നതാണ്. ആയുർവേദ മരുന്നുകളിലെ ഒരു പ്രധാന ഘടകമാണ് നെല്ലിക്ക.

സൗന്ദര്യസംരക്ഷണത്തിന്  നെല്ലിക്ക

ആരോഗ്യത്തിന് പുറമേ സൗന്ദര്യസംരക്ഷണത്തിനും നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം. ചർമത്തിൽ ചുളിവുകളുണ്ടാകാതെ സംരക്ഷിക്കുന്ന വിറ്റാമിൻ സി അടങ്ങിയിരിക്കുന്നതിനാൽ ചർമസംരക്ഷണത്തിനും നെല്ലിക്ക ഉപയോഗിക്കാവുന്നതാണ്. കൂടാതെ മുടിയുടെവളർച്ചയ്ക്കും കറുപ്പ് നിറത്തിനും തിളക്കം കൂട്ടുന്നതിനും എല്ലാം നെല്ലിക്ക ചേർത്ത എണ്ണ ഉപയോഗിക്കാറുണ്ട്.

ആരോഗ്യപരിപാലനത്തിനും സൗന്ദര്യ പരിപാലനത്തിനും നല്ല രീതിയിലുള്ള ഭക്ഷണക്രമം അത്യാവശ്യമാണ്. ഈ ഭക്ഷണക്രമത്തിൽ പച്ചക്കറികൾ, പഴവർഗങ്ങൾ, പാൽ, മത്സ്യം, മാംസം എന്നിവയോടൊപ്പം വളരെ കുറഞ്ഞ വിലയ്ക്ക് തന്നെ ലഭ്യമായ നെല്ലിക്കയും ഉൾപ്പെടുത്തേണ്ടതിൻ്റെ ആവശ്യകത വളരെ വലുതാണ്. ശുദ്ധമായ നെല്ലിക്കയും നെല്ലിക്ക ജാമും നെല്ലിക്ക അച്ചാറുമെല്ലാം ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഇവ നമ്മുടെ ആഹാരത്തിൻ്റെ ഭാഗമാകുമ്പോൾ ഹൃദയത്തിൻ്റെ പ്രവർത്തനങ്ങൾക്കും രോഗപ്രതിരോധശേഷിക്കുമെല്ലാം സഹായകമാകുന്നതാണ്. ആരോഗ്യകരമായ ജീവിതത്തിൽ നെല്ലിക്കയും ഒരു ഭാഗമാക്കാവുന്നതു തന്നെയാണ്.

Leave a Comment