കുട്ടികളിൽ അണുബാധകൾ (Kids Infections) പകരുന്നത് എങ്ങനെ നിയന്ത്രിക്കാം

Kids Health

കുട്ടികളിൽ അണുബാധകൾ വളരെ സാധാരണമാണ്. ഒരു പ്രീ സ്‌കൂൾ കുട്ടിക്ക് വർഷത്തിൽ 10 തവണ വരെ അണുബാധകൾ (Infections) ഉണ്ടാകാറുണ്ട്. മറ്റ് കുട്ടികളുമായി അവർ പതിവായി അടുത്ത ബന്ധം പുലർത്തുന്നതിനാലാണിത് സംഭവിക്കുന്നത്. ഒരു വ്യക്തിയിൽ നിന്ന് മറ്റൊരുവ്യക്തിയിലേക്ക്  എളുപ്പത്തിൽ പകരുന്നവയാണ് പല അണുബാധകളും. വളരെ ചെറിയ കുട്ടികൾ കൈയിൽ കിട്ടുന്ന സാധനങ്ങൾ വായിൽ വയ്ക്കുന്ന ശീലമുള്ളവരാണ്, കൂടാതെ അവർ ഇടയ്ക്ക്  മുഖത്ത് സ്പർശിക്കുകയും ചെയ്യുന്നു.  ഇത് കുട്ടികളിൽ അണുബാധകൾ (Kids Infections) ഉണ്ടാകുന്നതിനുള്ള സാധ്യതകൾ കൂട്ടുന്നു. കുട്ടികളിൽ രോഗപ്രതിരോധ ശേഷി പൂർണമായും വികസിച്ചിട്ടില്ലാത്തതിനാൽ അണുബാധകൾ (Infections) ഉണ്ടാകുന്നതിനുള്ള സാധ്യത മുതിർന്നവരെ അപേക്ഷിച്ചു കൂടുതലാണ്.

കുട്ടികളിലുണ്ടാകുന്ന  സാധാരണ അണുബാധകൾ  (Common Kids Infections)

ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയ പലതരം രോഗാണുക്കൾ മൂലമാണ് കുട്ടികളിൽ അണുബാധകൾ (Kids Infections) സാധാരണയായി ഉണ്ടാകുന്നത്.

  1. ജലദോഷം, പനി, ചിലതരം ഗ്യാസ്ട്രോഎന്റൈറ്റിസ് (gastroenteritis) എന്നിവയ്ക്ക്  വൈറസുകൾ കാരണമാകാറുണ്ട്. കൂടാതെ ശ്വാസംമുട്ടൽ, ചുമ, അരിമ്പാറ, ചിക്കൻപോക്സ് എന്നിവയ്ക്കും വൈറസുകളാണ് കാരണമാകുന്നത്.
  2. വില്ലൻ ചുമ, ചില തൊണ്ട വേദനകൾ ത്വക്ക് രോഗങ്ങൾ തുടങ്ങിയവ ബാക്ടീരിയ അണുബാധയുടെ (Bacterial Infection) ഫലമായിഉണ്ടാകുന്നതാണ്.
  3. ചെങ്കണ്ണ്, ചെവിവേദന എന്നിവയ്ക്ക്  വൈറസുകളും ബാക്ടീരിയകളും കാരണമാകാറുണ്ട്.
  4. വട്ടച്ചൊറി (Ringworm) കാലിലുണ്ടാകുന്ന വള്ളംകളി (athletic foot) എന്നിവ ഫംഗസ് ബാധകളിലൂടെ ഉണ്ടാകുന്നതാണ്.

കുട്ടികളിൽ അണുബാധകൾ (Kids Infections) എങ്ങനെയാണ് പിടിപെടുന്നത്

തുമ്മൽ, ചുമ  എന്നിവയിലൂടെയാണ് സാധാരണയായി അണുബാധകൾ മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗം ബാധിച്ച ഒരാൾ തുമ്മുകയോ ചുമക്കുകയോ ചെയ്യുമ്പോൾ രോഗാണുക്കൾ വായുവിലേക്കു വ്യാപിക്കുന്നു. അത് മറ്റൊരു വ്യക്തി ശ്വസിച്ചാൽ ആവ്യക്തിക്കും രോഗം പിടിപെടാൻ സാധ്യതയുണ്ട്. ജലദോഷം സാധാരണയായി ഇത്തരത്തിലാണ് പകരുന്നത്.

അണുബാധകൾ പകരുന്നതിനുള്ള മറ്റൊരു കാരണം നേരിട്ടുള്ള സമ്പർക്കമാണ്. രോഗബാധിതനായ ഒരു വ്യക്തി വഴിയോ അല്ലെങ്കിൽ രോഗാണുക്കൾ ഉള്ള മലിനമായ സാധനങ്ങളിലൂടെയോ രോഗംപകരാം. ഉദാഹരണത്തിന് ത്വക്ക് രോഗം ഉള്ള ഒരു വ്യക്തിയുമായി അടുത്തിടപഴകുന്നത് ആ രോഗം പകരുന്നതിന്  ഇടയാക്കുന്നു. അണു ബാധിതമായ പ്രതലങ്ങളിൽ അല്ലെങ്കിൽ വസ്തുക്കളിൽ ( കളിപ്പാട്ടം, വാതിൽ പിടി, മേശ etc. ) സ്പർശിച്ച ശേഷം കണ്ണ്, മൂക്ക്, വായ എന്നിവ സ്പർശിക്കുന്നത് അണുബാധ ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. പലപ്പോഴും രോഗാണുക്കൾ വസ്തുക്കളുടെ പ്രതലങ്ങളിൽ മണിക്കൂറുകളോ ദിവസങ്ങളോ ജീവനോടെ നിലനിൽക്കും. പനി, ജലദോഷം തുടങ്ങിയ അസുഖങ്ങൾ പെട്ടെന്ന് പകരുന്നതിനുള്ള കാരണം ഇതാണ്.

എന്നാൽ ചില അസുഖങ്ങൾ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് വളരെ വേഗത്തിൽ പകരുന്നവയാണ്. ചിക്കൻപോക്സ്, അഞ്ചാംപനി തുടങ്ങിയ രോഗങ്ങൾ രോഗം ബാധിച്ച ഒരാൾ താമസിച്ചിരുന്ന മുറിയിലോ സ്ഥലത്തോ നമ്മൾ ഉണ്ടായിരുന്നാൽ പോലും പകർന്നേക്കാം.

കുട്ടികളിലെ അണുബാധകൾ (Kids Infections) പകരുന്നത് തടയുന്നതിനുള്ള മാർഗങ്ങൾ

കുട്ടികളിലെ അണുബാധകൾ (Kids Infections) തടയുന്നതിന് പ്രധാനമായും വാക്സിനേഷൻ, സമ്പർക്കം കുറയ്ക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക എന്നിങ്ങനെ മൂന്ന് മാർഗ്ഗങ്ങളാണുള്ളത്.

വാക്സിനേഷൻ

വാക്സിനേഷൻ തന്നെയാണ് കുട്ടികളിൽ ഗുരുതരവും അല്ലാത്തതുമായ പല രോഗങ്ങളും  ബാധിക്കാതിരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായമാർഗം. വാക്സിനേഷൻ കുട്ടികളെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുക മാത്രമല്ല ഈ രോഗങ്ങൾ സമൂഹത്തിൽ പടരുന്നത് തടയാനും സഹായിക്കുന്നു. കുട്ടികൾക്ക് രോഗ പ്രതിരോധ കുത്തിവെപ്പ് കൃത്യസമയത്തു നൽകുന്നതിലൂടെ കുത്തിവെപ്പ് നൽകാൻ പ്രായമാകാത്ത ചെറിയ കുട്ടികളിലേക്കു ഇതുവഴി രോഗം പകരുന്നത് തടയാനും സാധിക്കുന്നു.

വാക്സിനേഷന് ചില പാർശ്വഫലങ്ങളുമുണ്ട് . എന്നാലഅവ പലപ്പോഴും ഗുരുതരമല്ലാത്തതും തീരെ ചെറിയ അളവിലുള്ളവയുമാണ്. സാധാരണയായി ഇവ ഒന്നോ രണ്ടോ ദിവസം മാത്രമേ നിലനിൽക്കാറുള്ളൂ. വാക്സിനേഷനെ കുറിച്ച് നിങ്ങൾക്കെന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അവ ഡോക്ടറോട് ചോദിച്ചു മനസിലാക്കാവുന്നതാണ് .

സമ്പർക്കം കുറയ്ക്കുക

കുട്ടികൾക്ക് രോഗമുള്ളപ്പോൾ അവരെ സ്കൂളിലോ അംഗൻവാടിയിലോ അയക്കാതിരിക്കുക. വിശ്രമിക്കാനും ആരോഗ്യം മെച്ചപ്പെടാനും അതവരെ സഹായിക്കും. കൂടാതെ മറ്റുള്ളവരിൽ നിന്ന് അകന്നുനിൽക്കുന്നത് വഴി രോഗത്തിന്റെ വ്യാപനം തടയാനും സാധിക്കുന്നു. രോഗം മാറിയതിനു ശേഷവും കുട്ടികൾ കുറഞ്ഞത് 48 മണിക്കൂറെങ്കിലും വീട്ടിൽ തന്നെ തുടരേണ്ടതാണ്. കാരണം രോഗത്തിൽ നിന്ന് മുക്തമായതിനുശേഷവും രോഗം പരത്തുന്നതിനുള്ള ശേഷി ചില രോഗാണുക്കൾക്കുണ്ട്. അതുപോലെ ചില പകർച്ചാവ്യാധികൾ പടരുന്ന സമയങ്ങളിൽ രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികൾ വീടിനുള്ളിൽ കഴിയുന്നതാണ് ഉത്തമം. ഇത് ഇത്തരം കുട്ടികളിൽ രോഗങ്ങൾ പകരാതിരിക്കാൻ സഹായിക്കുന്നു.

കൈകൾ വൃത്തിയായി സൂക്ഷിക്കുക

Wash your hands properly

കുട്ടികളിൽ അണുബാധകൾ (Kids Infections) പകരാതിരിക്കുന്നതിനായി കൈകൾ വൃത്തിയായി സൂക്ഷിക്കുക എന്നതു വളരെ പ്രധാനമാണ്. ഭക്ഷണം തയ്യാറാക്കുന്നതിനും കഴിക്കുന്നതിനും മുമ്പ് കൈകൾ വൃത്തിയായി കഴുകുക. കൈകൾ ശരിയായവിധം കഴുകുന്നതിന് കുട്ടികളെ ചെറുപ്പം മുതലേ ശീലിപ്പിക്കുക. സാധാരണ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകാവുന്നതാണ്. ഇതിനായി ആൻറിബാക്ടീരിയൽ (Antibacterial) സോപ്പുകൾ ഉപയോഗിക്കേണ്ട ആവശ്യമില്ല. കൈകൾ കഴുകുക എന്നതുപോലെതന്നെ കഴുകിയ ശേഷം കൈകൾ നന്നായി ഉണക്കുക എന്നതും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. രോഗാണുക്കൾക്ക് ഉണങ്ങിയ പ്രതലങ്ങളേക്കാൾ നനവുള്ള പ്രതലങ്ങളിൽ കൂടുതൽ സമയം ജീവിക്കാൻ കഴിയും. കൈകൾ ഉണക്കുന്നത് വഴി കൈ കഴുകിയപ്പോൾ നശിക്കാത്ത അണുക്കളെ നശിപ്പിക്കുവാനും സാധിക്കുന്നു.

പതിവായി കൈകൾ കഴുകുമ്പോൾ കൈയിലെ ചർമം വരണ്ടതാകുന്നുണ്ടെങ്കിൽ ചൂടുള്ള വെള്ളത്തിന് പകരം തണുത്തവെള്ളം ഉപയോഗിച്ച് കഴുകുക. സോപ്പ് ഉപയോഗിക്കുന്നതിന് മുമ്പ് കൈകൾ നന്നായി നനയ്ക്കുക. കൈകൾ പതിവായി മോയ്സ്ചറൈസ്‌ ചെയ്യുന്നതും നല്ലതാണ്.

നിങ്ങൾ പുറത്തുപോകുമ്പോൾ സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക എന്നത് എപ്പോഴുംസാധ്യമാകണമെന്നില്ല. അത്തരം സന്ദർഭങ്ങളിൽ ഹാൻഡ് സാനിറ്റൈസറുകൾ (Hand Sanitizer) ഉപയോഗിക്കാവുന്നതാണ്. സാനിറ്റൈസർ ഉപയോഗിക്കുമ്പോൾ ലേബലിൽ രേഖപ്പെടുത്തിയിരിക്കുന്ന നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രം ഉപയോഗിക്കുക . അതിൽ നിർദ്ദേശിക്കുന്ന അളവ് മാത്രം ഉപയോഗിക്കുന്നതാണ് കൈകൾ വരണ്ടതാകാതിരിക്കാൻ ഉത്തമം.

പല സാനിറ്റൈസറുകളും വിഷാംശം ഉള്ളവയാണ് മാത്രമല്ല അവ വളരെ എളുപ്പത്തിൽ കത്തുന്നവയുമാണ്. അതുകൊണ്ടുതന്നെ അവ എപ്പോഴും കുട്ടികളിൽ നിന്ന് വളരെ അകലത്തിൽ മാറ്റി സൂക്ഷിക്കുക. കൂടാതെ കുട്ടികൾ ഇതു ഉപയോഗിക്കേണ്ട സാഹചര്യമുണ്ടായാൽ വളരെ ശ്രദ്ധാപൂർവ്വമായിരിക്കണം നൽകേണ്ടത്. സാനിറ്റൈസറുകൾ കൈകളിലെ അണുക്കളുടെ എണ്ണം കുറയ്ക്കുമെങ്കിലും കൈകൾ വൃത്തിയാക്കാൻ കൈകൾ കഴുകുക എന്നതുതന്നെയാണ് ഉത്തമമായ മാർഗം.

അണുബാധ പടരുന്നത് തടയുന്നതിനുള്ള മറ്റു വഴികൾ

തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും എപ്പോഴും തൂവാല ഉപയോഗിക്കുക.  ഇതുവഴി അണുക്കളുടെ വ്യാപനം തടയാൻ കഴിയും. തുമ്മുകയോ  ചുമയ്ക്കുകയോ ചെയ്തതിനുശേഷം കൈകൾ വൃത്തിയായി കഴുകുക. കുട്ടികളെ ചെറുപ്പം മുതലേ ഇത് ശീലിപ്പിക്കുക. തുമ്മലും ചുമയും മറക്കാൻ ഒരിക്കലും നിങ്ങളുടെ കൈകൾ ഉപയോഗിക്കരുത്. അങ്ങനെചെയ്യുകയാണെങ്കിൽ അതുവഴി അണുക്കൾ നിങ്ങളുടെ കൈകളിൽ എത്തിച്ചേരുകയും നിങ്ങൾ അറിയാതെ അണുക്കൾ മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും.

ശരീരത്തിൽ മുറിവുകളുണ്ടെങ്കിൽ വൃത്തിയുള്ള തുണിയോ ബാൻഡ്ഡോ ഉപയോഗിക്കുന്നത് അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. വീടും വീട്ടുപകരണങ്ങളും പതിവായി വൃത്തിയാക്കുക പ്രത്യേകിച്ച് അടുക്കള കുളിമുറി എന്നിവ.

ആൻറി ബാക്റ്റീരിയൽ ഉത്പന്നങ്ങൾ ഉപയോഗിക്കേണ്ടതുണ്ടോ

പതിവായി കൈകൾ വൃത്തിയാക്കുന്നതിന് ആൻറി ബാക്ടീരിയൽ സോപ്പുകളുടെ ആവശ്യമില്ല. കാരണം സാധാരണ സോപ്പുകളേക്കാൾ മികച്ച ഫലം നല്കാൻ ആൻറി ബാക്റ്റീരിയൽ സോപ്പുകൾക്കു കഴിയില്ല. കൂടാതെ ആൻറി ബാക്ടീരിയൽ ഉൽപ്പന്നങ്ങളുടെ നിരന്തരമായ ഉപയോഗം നമ്മുടെ ശരീരത്തിന് ഗുണമുള്ള നല്ല ബാക്ടീരിയകളുടെ എണ്ണം കുറയ്ക്കുന്നതിന് കാരണമാവുകയും ചെയ്യും . ഡോക്ടർ നിർദ്ദേശിക്കുന്നില്ല എങ്കിൽ സാധാരണ സോപ്പ്, ചെറു ചൂടുവെള്ളം ഇവ ഉപയോഗിക്കുന്നതാണ് ഉചിതം.

Leave a Comment