ക്രെഡിറ്റ് സ്കോർ (Credit Score / CIBIL Sore) എങ്ങനെ മെച്ചപ്പെടുത്താം

Finance

ഒരു നല്ല ക്രെഡിറ്റ് സ്കോർ (Credit Score / CIBIL Score) മികച്ച പലിശനിരക്കിൽ  വായ്പ അല്ലെങ്കിൽ കടം ലഭിക്കുന്നതിനുള്ള സാധ്യതകൾ കൂട്ടുന്നു. മിക്കവാറും എല്ലാ ധനകാര്യസ്ഥാപനങ്ങളും വായ്പ നൽകുന്നതിലെ അപകടസാധ്യതകൾ മുൻനിർത്തി ഒരു വ്യക്തിയുടെയോ അല്ലെങ്കിൽ  ബിസിനസ് സ്ഥാപനത്തിന്റെയോ തിരിച്ചടവ് ശേഷി കണക്കാക്കുന്നതിന് ചില മാനദണ്ഡങ്ങളെ ആശ്രയിക്കുന്നു. ഇതിൽ ഏറ്റവും നിർണായകമായ ഘടകം ക്രെഡിറ്റ് സ്കോർ (Credit Score / CIBIL Score) തന്നെയാണ്. ക്രെഡിറ്റ് സ്കോർ നിലനിർത്തുക അല്ലെങ്കിൽ മെച്ചപ്പെടുത്തുക എന്നത് അതുകൊണ്ടുതന്നെ നിർണായകമായിത്തീരുന്നു .


ഇന്ത്യയിലെ  ഏറ്റവും വിശ്വസനീയമായ ക്രെഡിറ്റ് റേറ്റിംഗ് ബ്യൂറോയാണ് സിബിൽ. മറ്റ് ക്രെഡിറ്റ് ബ്യൂറോകളേക്കാൾ മികച്ചതാണ് സിബിൽ റേറ്റിംഗുകളുടെ കൃത്യത. അതുകൊണ്ടുതന്നെയാണ് മിക്ക ബാങ്കുകളും എൻ‌ബി‌എഫ്‌സി (NBFC ) കളും ഇതിന്റെ സ്‌കോറിംഗ് ഏറ്റവും വലിയ മാനദണ്ഡമായി കണക്കാക്കുന്നത്. പണമിടപാടുകൾ നന്നായി കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിക്ക് എല്ലായിപ്പോഴും ഉയർന്ന ക്രെഡിറ്റ് അല്ലെങ്കിൽ സിബിൽ സ്കോർ (Credit Score / CIBIL Score) ഉണ്ടായിരിക്കും. ഇതു ബങ്കുകൾക്കു അപേക്ഷകനിൽ മതിപ്പുണ്ടാക്കുകയും വായ്പ്ലഭ്യതയുടെ ഘടകമായി മാറുകയും ചെയ്യുന്നതാണ്. എന്നാൽ കുറഞ്ഞ സിബിൽ സ്കോർ ഉള്ള അപേക്ഷകന്  ചെറിയ വായ്പ്പകൾ ലഭിക്കുന്നതിനുള്ള യോഗ്യതയുണ്ടെങ്കിലും അത്തരം അപേക്ഷകർക്ക് വായ്പകൾ നൽകുന്നതിന് ബാങ്കുകൾ താല്പര്യം കാണിക്കാറില്ല.

ക്രെഡിറ്റ് സ്കോർ (Credit Score / CIBIL Score ) എങ്ങനെ ഉയർത്താം

ക്രെഡിറ്റ് സ്കോർ കുറവുള്ള ഒരു വ്യക്തിക്ക് പല ഘട്ടങ്ങളിലായി സ്കോർ ഉയർത്തിക്കൊണ്ടു വരാവുന്നതാണ്. നിങ്ങളുടെ സ്കോർ മികച്ചതല്ലെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ, മെച്ചപ്പെടുത്തുന്നതിനായി താഴെപറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.

ക്രെഡിറ്റ് റിപ്പോർട്ട് (Credit Report) പരിശോധിക്കുക

നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുകൾ (Credit Report) പതിവായി പരിശോധിക്കുന്നത് ശീലമാക്കുക. ഇതു  ക്രെഡിറ്റ് സ്കോറിനെ കുറിച്ചു വളരെ പ്രാധാന്യമുള്ള രണ്ടുകാര്യങ്ങൾ മനസിലാക്കാൻ നിങ്ങളെ സഹായിക്കുന്നു. അതിൽ ആദ്യത്തേത്, വായ്പ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് (Credit Card) ഇതിൽ ഏതിലാണ് നിങ്ങളുടെ സ്കോർ കുറയാൻകാരണമായ വീഴ്ച സംഭവിച്ചത് എന്നതാണ്.  രണ്ടാമത്തേത് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന സ്കോർ ഉയർത്തുന്നതിനാവശ്യമായ മറ്റുവിവരങ്ങളെക്കുറിച്ചു മനസിലാക്കാനും സാധിക്കുന്നു. ഇതുവഴി റിപ്പോർട്ടിൽ ഏതെങ്കിലും കാര്യങ്ങൾ തെറ്റായി രേഖപെടുത്തിയിട്ടുണ്ടെങ്കിൽ അവ ശരിയാക്കുന്നതിനായി ബാങ്കിനെയൊ സിബിലിനെയൊ സമീപിക്കാനും സാധിക്കുന്നു.

ക്രെഡിറ്റ് സ്കോർ കുറയാതിരിക്കാൻ വീണ്ടും അപേക്ഷിക്കുന്ന സാഹചര്യം ഒഴിവാക്കുക

നിങ്ങൾ ഒരു വായ്പ്ക്കോ ക്രെഡിറ്റ് കാർഡിനോ അപേക്ഷിച്ചു അതു നിരസിച്ചിട്ടുണ്ടെങ്കിൽ ആ വിവരങ്ങൾ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. നിങ്ങൾ ഉടൻതന്നെ മറ്റൊരു ബാങ്കിലേക്ക് അപേക്ഷിക്കാതിരിക്കുക. ഒരുപക്ഷേ അപേക്ഷിക്കുകയാണെങ്കിൽ നിങ്ങളുടെ കുറഞ്ഞ സ്കോറും മുമ്പത്തെ ബാങ്ക് നിരസിച്ചതും അവർ കാണുകയും നിങ്ങളുടെ അപേക്ഷ തള്ളിക്കളയുകയും ചെയ്യാം. ഇതൊഴിവാക്കാനായി ഇത്തരം സന്ദർഭങ്ങളിൽ വീണ്ടും അപേക്ഷിക്കാതിരിക്കുകയും സ്കോർ മെച്ചപ്പെടുന്നതുവരെ കാത്തിരിക്കുകയും ചെയ്യുക.

അപേക്ഷകളുടെ എണ്ണംകുറക്കുക

നിങ്ങൾ ഓരോ തവണയും വായ്പ്പകൾക്കായി  അപേക്ഷിക്കുമ്പോഴെല്ലാം ബാങ്ക് നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട്  സിബിലിനോട് ആവശ്യപ്പെടും. മാത്രമല്ല നിങ്ങളുടെ അപേക്ഷകൾ എല്ലാം തന്നെ റിപ്പോർട്ടിൽ രേഖപ്പെടുത്തുകയും ചെയ്യും. ഇതു രണ്ടുതരത്തിൽ നിങ്ങളെ മോശമായി ബാധിക്കുന്നതാണ്. ഒന്നാമതായി തുടരെയുള്ള അപേക്ഷകൾ നിങ്ങളുടെ വായ്പയോടോ അല്ലെങ്കിൽ കടം വാങ്ങുന്നതിനോടോ ഉള്ള അടങ്ങാത്ത ആഗ്രഹമായി കണക്കാക്കപ്പെടും. രണ്ടാമത്തേത് നിങ്ങൾക്ക് വായ്പ കൃത്യമായി തിരിച്ചടക്കാനുള്ള ശേഷിയും ഉദ്ദേശവും ഉണ്ടെങ്കിൽപ്പോലും ഇതു നിങ്ങളുടെ സ്കോർ കുറയാൻ കാരണമാകും.

വായ്പകൾ കൃത്യമായി അടയ്ക്കുക

നിങ്ങളുടെ വായ്പ്കളുടെ തിരിച്ചടവുകളിൽ എന്തെങ്കിലും കാലതാമസം വന്നിട്ടുണ്ടെങ്കിൽ അവ അടയ്ക്കുന്നതിനു മുൻഗണന നൽകുക. നിലവിലെ ഗഡുക്കൾ (EMI) അടയ്ക്കുന്നതിനു നിങ്ങൾ ബുദ്ധിമുട്ടു നേരിടുകയാണെങ്കിൽ നിങ്ങൾക്കു കഴിയുന്നതരത്തിൽ ഗഡുക്കൾ (EMI) പുനഃക്രമീകരിക്കാൻ ബാങ്കിനെ സമീപിക്കാവുന്നതാണ്.

ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുക 

Pay your credit card bills

നിങ്ങളുടെ ക്രെഡിറ്റ് കാർഡുകളുടെ അടവുകൾ കൃത്യസമയത്തുതന്നെ അടക്കേണ്ടതാണ്. കാർഡുകളിൽ അടയ്ക്കേണ്ട ഏറ്റവും കുറഞ്ഞ തുക (Minimum Due) മാത്രമല്ല, അടക്കേണ്ട തുക മുഴുവനായും അടയ്ക്കുന്നതാണ് നല്ലത്. അതിനു കഴിയുനിന്നില്ലെങ്കിൽ കഴിയുന്നതിന്റെ പരമാവധി തുക അടക്കേണ്ടതാണ്. ക്രെഡിറ്റ് കാർഡുകൾ അവയുടെ പരിധിയോടു അടുത്ത്ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

വായ്പകളും ക്രെഡിറ്റ് കാർഡുകളും ഒത്തുതീർപ്പാക്കാതിരിക്കുക

പലപ്പോഴും ആളുകൾ ക്രെഡിറ്റ് കാർഡോ വായ്പയോ അടച്ചുതീർക്കാൻ ഇളവുകൾക്കായി ബാങ്കിനെ സമീപിക്കാറുണ്ട്. ചില അവസരങ്ങളിൽ ബാങ്കുകൾ ഇത്തരം ഇളവുകൾ നൽകുമെങ്കിലും ക്രെഡിറ്റ് റിപ്പോർട്ടിൽ പ്രതിഫലിപ്പിക്കാൻ സാധ്യതയുണ്ട്. അത് സ്കോർ കുറയുന്നതിന് കാരണമാകുകയും പുതിയ വായ്പ്പകൾ തരുന്നതിനുള്ള ബാങ്കിന്റെ സന്നദ്ധതയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.

സുരക്ഷിതവും അല്ലാത്തതുമായ വായ്പ്കൾ ഇടകലർത്തി എടുക്കുക

 വായ്പകൾ സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമായവ എന്നിങ്ങനെ രണ്ടുതരം ഉണ്ട്. അതിൽ വ്യക്തിഗത വായ്പകൾ പോലുള്ള സുരക്ഷിതമല്ലാത്ത വായ്പകൾ മാത്രമെടുക്കുന്നതിനു പകരം കാർ അല്ലെങ്കിൽ ഭവനവായ്പകൾ പോലുള്ള സുരക്ഷിതമായ വായ്പകൾ എടുക്കാൻ ശ്രമിക്കുക.  സുരക്ഷിതമായതും സുരക്ഷിതമല്ലാത്തതുമായ വായ്പകൾ ഇടകലർത്തിയും എടുക്കാവുന്നതാണ്. സുരക്ഷിതമല്ലാത്ത വായ്പകൾ മാത്രം എടുക്കുകയാണെങ്കിൽ അതു നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പ്രതികൂലമായി ബാധിക്കുകയും നിങ്ങളുടെ വായ്‌പ അപേക്ഷകൾ നിരസിക്കാൻ ഇടവരുത്തുകയും ചെയ്യും.

ക്രെഡിറ്റ് സ്കോർ കുറയാതിരിക്കാൻ ജോയിന്റ് അപേക്ഷകരുടെ അടവുകൾ ശ്രദ്ധിക്കുക

നിങ്ങൾ മറ്റൊരാൾ എടുത്ത വായ്പയുടെ സംയുക്തഅപേക്ഷകനായിരിക്കുകയും (Joint Applicants) എന്നാൽ ആ വ്യക്ത്തി അടവുകളിൽ വീഴ്ച വരുത്തുകയാണെങ്കിൽ ഇതു നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടിലും പ്രതിഫലിക്കും. ഇത് ക്രെഡിറ്റ് സ്‌കോർ കുറയുന്നതിനു കാരണമായിത്തീരുന്നു. നിങ്ങളുടെ ഭാഗത്തു തെറ്റില്ലെങ്കിൽപോലും അതിന്റെ ദൂഷ്യഫലം നിങ്ങൾ അനുഭവിക്കേണ്ടതായും വരും. കൃത്യമായി വായ്പകളും കാർഡുകളും തിരിച്ചടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം.

ഒരു മോശം സ്കോർ നിങ്ങളുടെ ഭാവി വായ്‌പ ആവശ്യങ്ങളെ ദോഷകരമായി ബാധിക്കുമെങ്കിലും മുകളിൽ പറഞ്ഞകാര്യങ്ങളിലൂടെ തീർച്ചയായും നിങ്ങളുടെ  ക്രെഡിറ്റ് അല്ലെങ്കിൽ സിബിൽ സ്കോർ മെച്ചപ്പെടുത്താൻ കഴിയും. മുൻപേ സൂചിപ്പിച്ചതുപോലെ ക്രമേണ മാത്രമേ സ്കോർ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കുകയുള്ളൂ . സ്‌കോറിൽ പുരോഗതി കാണിച്ചുതുടങ്ങാൻ കുറച്ചുമാസങ്ങളെങ്കിലും എടുക്കും അതുവരെ ക്ഷമയോടെ കാത്തിരിക്കുക.

Leave a Comment