മൈഗ്രേൻ (Migraine) തടയാൻ ഭക്ഷണശീലങ്ങൾക്കു കഴിയും

Food, Health

മൈഗ്രേൻ (Migraine) സാധാരണ തലവേദനകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഇതിൻറെ അസഹനീയമായ വേദനയാണ്  മറ്റ് പല ലക്ഷണങ്ങൾക്കും കാരണമായിതീരുന്നത്. ഓക്കാനം അല്ലെങ്കിൽ പ്രകാശം കാണുമ്പോള്‍ ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങളോടൊപ്പം തലയുടെ ഒരു വശത്തായാണ് മൈഗ്രേൻ (Migraine) വേദന സാധാരണയായി ഉണ്ടാവുന്നത് . തലച്ചോറിനുള്ളിലെ നാഡികളിലെ സങ്കോചവികാസങ്ങൾ ആണ് ഇതിന് കാരണം. ചില ആളുകൾക്ക് കണ്ണുകളിൽ പ്രകാശത്തിൻ്റെ മിന്നലുകൾ അനുഭവപ്പെടാറുണ്ട്, ദേഷ്യം, അകാരണമായ വിഷാദം എന്നിവയും പ്രകടമായ ലക്ഷണങ്ങളാണ്.

മൈഗ്രേൻ (Migraine) ആരംഭിച്ചുകഴിഞ്ഞാൽ   ശബ്ദങ്ങളോ പ്രകാശമോ വളരെ സെൻസിറ്റീവ് ആയിരിക്കാം. ഓക്കാനം, ഛർദ്ദി എന്നിവ അനുഭവപ്പെടാം. ഈ വേദനയും അതിനോടൊപ്പമുള്ള ലക്ഷണങ്ങളും മണിക്കൂറുകൾ മുതൽ നിരവധി ദിവസങ്ങൾ വരെ നീണ്ടു നിൽക്കാം.

മൈഗ്രേനും (Migraine) ഭക്ഷണശീലങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ?

മൈഗ്രേനും (Migraine) ഭക്ഷണശീലങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു അടുത്തകാലത്തെ പഠനങ്ങളും ഗവേഷണങ്ങളും സൂചിപ്പിക്കുന്നു. വാസ്തവത്തിൽ നമ്മിൽ മിക്കവർക്കും ഇടക്കിടെ തലവേദന അനുഭവപ്പെടാറുണ്ട്. വർഷത്തിൽ 18 നും 65 നും ഇടയിൽ പ്രായമുള്ള 75 ശതമാനം ആളുകൾക്കും തലവേദന വരാറുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സാധാരണ തലവേദനയെക്കാൾ മൈഗ്രേനുകൾ (Migraine) പലപ്പോഴും നീണ്ടുനിൽക്കുന്നതിനോടൊപ്പം ചില ശാരീരിക അസ്വസ്ഥതകൾ  ഉണ്ടാക്കുകയും ചെയ്യുന്നു.

ഭക്ഷണശീലങ്ങളിൽ  ശരിയായ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ആവർത്തിച്ചുണ്ടാകുന്ന മൈഗ്രേനുകളുടെ എണ്ണം വളരെയധികം കുറയുന്നു. ഇത് എങ്ങനെയാണ് സംഭവിക്കുന്നത്? നമ്മൾ എന്ത് കഴിക്കണം എന്ത് കഴിക്കരുത് എന്നതിനെക്കുറിച്ചു കൂടുതൽ അറിയുന്നതിന് തുടർന്ന് വായിക്കുക.

ഏതൊക്കെ ഭക്ഷണമാണ് മൈഗ്രേനുകൾക്ക് നല്ലത്?

മൈഗ്രേനുകൾക്കെതിരായ ഏറ്റവും മികച്ച പ്രതിരോധം ഭക്ഷണക്രമത്തിൽ ശ്രദ്ധ ചെലുത്തുക എന്നതാണ്. മൈഗ്രേനുകളെ  പ്രതിരോധിക്കുന്ന ഭക്ഷണങ്ങൾ നിങ്ങളുടെ ഭക്ഷണക്രമത്തിൽ  ഉൾപ്പെടുത്തുന്നതിനോടൊപ്പം മൈഗ്രേനു കാരണമായേക്കാവുന്ന ഭക്ഷണങ്ങൾ പരിമിതപ്പെടുത്താനും നിങ്ങൾക്കു സാധിക്കും. പ്രിസർവേറ്റീവുകളോ കൃത്രിമ സുഗന്ധങ്ങളോ ഇല്ലാത്ത പ്രകൃതിദത്തമായാ ഭക്ഷണങ്ങൾ ആദ്യപടിയായി ഉപയോഗിക്കാം.

മുതിർന്നവരിൽ നടത്തിയ ഒരു ചെറിയ പഠനത്തിൽ സസ്യാഹാരം കഴിക്കുന്നത് അല്ലെങ്കിൽ മൈഗ്രേനു കാരണമായേക്കാവുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് ഒരു പരിധിവരെ മൈഗ്രേനെ ചെറുക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വിറ്റാമിൻ ബി -2 അഥവാ റൈബോഫ്ലേവിൻ (Riboflavin) അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മൈഗ്രേനുകളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് അമേരിക്കൻ മൈഗ്രേൻ ഫൗണ്ടേഷൻ  പറയുന്നു. ചില മത്സ്യങ്ങൾ , റെഡ്മീറ്റ്, ധാന്യങ്ങൾ, കൂണുകൾ എന്നിവയിൽ ധാരാളമായി വിറ്റാമിൻ ബി -2 അടങ്ങിയിട്ടുണ്ട്.

എന്തൊക്കെയാണ് മൈഗ്രേനു കാരണമാകുന്നത് ?

സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങൾ കാരണം ഗർഭകാലത്തും ഈസ്ട്രജൻ അളവ്കൂടുതൽ കാരണം ആർത്തവകാലങ്ങളിലും മൈഗ്രേൻ കണ്ടുവരാറുണ്ട് . ധാരാളം സോഡിയം അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളും മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (Monosodium Glutamate (MSG)) ചേർത്ത ഭക്ഷണങ്ങളോ അസ്പാർട്ടേം (Aspartame) പോലുള്ള കൃത്രിമ മധുരപലഹാരങ്ങളോ മൈഗ്രേനുകൾക്ക് കാരണമാകും.

 • മാനസിക പിരിമുറുക്കം
 • മദ്യപാനം
 • കാലാവസ്ഥയിലെ മാറ്റങ്ങൾ
 • ഉറക്കശീലത്തിലെ മാറ്റങ്ങൾ
 • ചില മരുന്നുകൾ

എന്നിവയാണ്  മൈഗ്രേനു ഇടയാക്കാറുള്ള മറ്റു പ്രധാന കാരണങ്ങൾ

ഏതൊക്കെ ഭക്ഷണമാണ് മൈഗ്രേനുകൾക്ക് കാരണമാകുന്നത്?

Foods That Trigger Migraine

ചില ഭക്ഷണങ്ങളുടെ അളവ് പരിമിതപ്പെടുത്തുകയോ കർശനമായി ഒഴിവാക്കുകയോ ചെയ്യുന്നത് മൈഗ്രേനുകളുടെ ആവൃത്തി കാര്യമായി കുറയ്ക്കും. ഭക്ഷ്യ അഡിറ്റീവുകളും സംസ്കരിച്ച ഭക്ഷണങ്ങളും സാധാരണ മൈഗ്രേനു കാരണമായി കണക്കാക്കപ്പെടുന്നു.

 • മുട്ട
 • തക്കാളി
 • ഉള്ളി
 • പാലുൽപ്പന്നങ്ങൾ
 • പാസ്ത, ബ്രെഡ്  തുടങ്ങിയ ഗോതമ്പുല്പന്നങ്ങൾ 
 • സിട്രസ് പഴങ്ങളായ  (Citrus Fruits) നാരങ്ങ,ഓറഞ്ച്‌ തുടങ്ങിയവ 
 • നൈട്രൈറ്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ 
 • മദ്യം, പ്രത്യേകിച്ച് റെഡ് വൈൻ
 • കഫീൻ
 • MSG പോലുള്ള ഭക്ഷ്യ അഡിറ്റീവുകൾ
 • അസ്പാർട്ടേം (Aspartame) 
 • ചോക്ലേറ്റ്
 • ചീസ് 
 • കശുവണ്ടി, നിലക്കടല, ബദാം തുടങ്ങിയ നട്സ് വർഗ്ഗത്തിൽ പെടുന്നവ 

ഇവയൊക്കെ മൈഗ്രേനുകൾക്ക് കാരണമായേക്കാവുന്ന ഭക്ഷണപദാർത്ഥങ്ങളാണ്. നിങ്ങൾ എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്യുമ്പോൾ എന്തുതോന്നുന്നുവെന്ന് അറിയാൻ ഒരു ഡയറി സൂക്ഷിക്കുന്നത് പരിഗണിക്കാവുന്നതാണ്. ഇതു മൈഗ്രേനുകൾക്ക് കാരണമായേക്കാവുന്ന ഭക്ഷണങ്ങളോ ചേരുവകളോ ഒഴിവാക്കാൻ നിങ്ങളെയും  ഡോക്ടറെയും സഹായിക്കുന്നതാണ്.

കഴിയുമെങ്കിൽ സുരക്ഷിതമായ ഭക്ഷണങ്ങളുടെ ലിസ്റ്റ് ഉപയോഗിച്ച് രണ്ടാഴ്ചത്തെ ഒരു  ടെസ്റ്റ് നിങ്ങൾക്ക് ആരംഭിക്കാം. ഈ സമയത്ത്, മൈഗ്രേൻ എത്രതവണ ഉണ്ടാകുന്നു എന്നും അതിൻ്റെ തീവ്രതയും ശ്രദ്ധിക്കണം. രണ്ടാഴ്ചക്കുശേഷം മറ്റ് ഭക്ഷണങ്ങളെ സാവധാനം  നിങ്ങളുടെ ഭക്ഷണക്രമത്തിലേക്കു മടക്കി  കൊണ്ടുവരിക. ഏതു ഭക്ഷണങ്ങളാണ് നിങ്ങളിൽ മൈഗ്രേനു കാരണമാകുന്നത് എന്നതിനെക്കുറിച്ചു ഒരു ധാരണ ലഭിക്കാൻ ഇതു സഹായിക്കുന്നു.

മൈഗ്രേൻ എങ്ങനെ ചികിത്സിക്കാം ?

വെളിച്ചം ഇല്ലാത്തതോ കുറവുള്ളതോ ആയ മുറിയിൽ വിശ്രമിക്കുന്നത് മൈഗ്രേനിൽ നിന്ന് ആശ്വാസം നേടാൻ വളരെ ഉത്തമം ആണ്. കഴുത്തിൻ്റെ പിൻഭാഗത്ത് തുണിയിൽ പൊതിഞ്ഞ ഐസ് വക്കുന്നതും ആശ്വാസകരമായിരിക്കും. മാനസികപിരിമുറുക്കം കാരണമാണ് തലവേദനയും ഓക്കാനവും ഉണ്ടായതെന്ന്  സം ശയിക്കുന്നുവെങ്കിൽ, നടക്കുകയോ ശാന്തമായ സംഗീതം കേൾക്കുകയോ പിരിമുറുക്കം കുറക്കുന്ന  പ്രവർത്തനങ്ങളിൽ ഏർപെടുകയോ  ചെയ്യാവുന്നതാണ്.


വേദന അസഹനീയമാണെങ്കിൽ വേഗം ആശ്വാസം ലഭിക്കാൻ ഏതെങ്കിലും വേദന സംഹാരി (Over The Counter (OTC) Drugs) കഴിക്കാവുന്നതാണ്. വേദനയുടെ തീവ്രത കുറയാതെ വരുകയാണെങ്കിൽ ഒരുഡോക്ടറുടെ സഹായം തേടുന്നത് ഉചിതമായിരിക്കും.

Leave a Comment