ബിസിനസ്സിൽ പണം ചിലവഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Finance

ബിസിനസ്സിൽ പണം ചിലവഴിക്കുമ്പോൾ പല കാര്യങ്ങളും നാം ശ്രദ്ധിക്കാറുണ്ട് . എന്നാൽ നിസ്സാരമെന്നു കരുതുന്ന ചില കാര്യങ്ങളാവാം നമുക്ക് വലിയ തിരിച്ചടികൾ നൽകുന്നത്. അവ ഏതൊക്കെയാണ്? ഇതെങ്ങനെ നമുക്ക് പരിഹരിക്കാം? എന്നീ കാര്യങ്ങളാണ് നമ്മൾ വിലയിരുത്തുന്നത്. 

ആദ്യം അറിയേണ്ടത് നാം ബിസിനസ്സിൽ ചിലവഴിക്കുന്ന പണത്തിൻ്റെ പ്രാധാന്യമാണ്. ഇംഗ്ലീഷ് നോവലിസ്റ്റായ ജോർജ് റോബർട്ട് ഗിസ്സിംഗ് പണത്തെക്കുറിച്ച് പറഞ്ഞ വാചകം ബിസിനസ്സിനെ സംബന്ധിച്ചു  വളരെ പ്രസക്തമാണ്. “പണം സമയമാണ്. പണം ഉപയോഗിച്ച് ഞാൻ  വാങ്ങുന്ന അല്ലെങ്കിൽ സന്തോഷപൂർവ്വം ഉപയോഗിക്കുന്ന മണിക്കൂറുകൾ ഇല്ലെങ്കിൽ അതൊരർത്ഥത്തിലും എൻ്റേതല്ല”. ( “The Emancipated”_ George Robert Gissing) അതുകൊണ്ടുതന്നെ ബിസിനസ്സിൽ നാം ചിലവാക്കുന്ന പണം ശ്രദ്ധാപൂർവ്വമായിരിക്കണം. ഇല്ലെങ്കിൽ നഷ്ടപ്പെടുന്ന സമയം തിരിച്ചു കിട്ടാത്തതുപോലെ പണവും നഷ്ടമാകും. സാമ്പത്തിക അച്ചടക്കവും കൃത്യമായ ആസൂത്രണവും ശ്രദ്ധാപൂർവ്വം ചെയ്യേണ്ട രണ്ട് കാര്യങ്ങളാണ്. പലരും പരാജയപ്പെട്ടു പോകുന്നതും ഇവിടെയാണ്.

ബിസിനസ്സിൽ വിജയിച്ചവരുടെ കഥകളാണ് നമ്മൾ അറിയുന്നതും ആഘോഷിക്കുന്നതും. എന്നാൽ തങ്ങളുടെ ചെറിയ പിഴവുകൾ കൊണ്ട് പരാജയപ്പെട്ടവരും നിരവധിയാണ്. ഇവരുടെ പരാജയങ്ങൾ നമുക്ക് നൽകുന്നത് വലിയ പാഠങ്ങളാണ്. വിജയിയായ ഒരു ബിസിനസ്സുകാരനാകാൻ ബിസിനസ്സിൽ പണമിടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങളാണ് ഇതിൽ നിർദേശിക്കുന്നത്.

ബഡ്ജറ്റ് മുൻനിർത്തി പ്രവർത്തിക്കുക

ബിസിനസ്സിൽ ഏറ്റവും അത്യാവശ്യമായ ഒരു ഘടകമാണ് ബഡ്ജറ്റ്. ഒരു ബഡ്ജറ്റ് മുൻനിർത്തി പ്രവർത്തിക്കുക വഴി ബിസിനസിൽ ബുദ്ധിപൂർവ്വം പണം ചിലവഴിക്കാൻ കഴിയും. കണക്കുകൾ മനസ്സിലോ തുണ്ട് കടലാസിലോ സൂക്ഷിക്കുന്നത് ബിസിനസ്സിന് അനുയോജ്യമായ രീതിയല്ല. ബഡ്ജറ്റ് ആസൂത്രണം ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനുമായി നിരവധി ആപ്ലിക്കേഷനുകൾ ഇന്ന് ലഭ്യമാണ്. നിങ്ങളെപ്പോലെ തന്നെ ഓഫീസിലെ എല്ലാവരും ബഡ്ജറ്റ് മുൻനിർത്തിയാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്തേണ്ടതും നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഇതിലൂടെ നിർഭാഗ്യകരമായ സാഹചര്യങ്ങളും ധനപരമായ പ്രശ്നങ്ങളും ഒഴിവാക്കാൻ നിങ്ങൾക്ക് സാധിക്കുന്നു.

അടിയന്തരാവശ്യങ്ങൾക്കായി ഫണ്ട് സൂക്ഷിക്കുക

ബിസിനസ്സിൽ ഏതൊരു അടിയന്തര സാഹചര്യവും നേരിടാൻ നമ്മൾ എപ്പോഴും പ്രാപ്തരായിരിക്കണം. കോവിഡ് 19 ലോകമെങ്ങും പടർന്നുപിടിച്ചപ്പോഴും അതിനെ നേരിടാൻ നമുക്ക് കിട്ടിയ സമയം വളരെ കുറവാണ്. നമ്മളിൽ എത്രപേർ അത്തരമൊരു സാഹചര്യം പ്രതീക്ഷിച്ചിരുന്നു? അധികം പേരും പ്രതീക്ഷിച്ചിരുന്നില്ല എന്ന് ഉറപ്പാണ്. നമ്മൾ പ്രതീക്ഷിക്കാതെ കടന്നുവരുന്ന ഇത്തരം സാഹചര്യങ്ങളെ നേരിടാൻ അടിയന്തര ആവശ്യങ്ങൾക്കായി മാറ്റിവയ്ക്കുന്ന ഫണ്ട് നമ്മെ സഹായിക്കും. ഇങ്ങനെ ഒരു ഫണ്ട് നിലനിർത്തിയവർ അല്ലാത്തവരെക്കാൾ പെട്ടെന്നു തന്നെ ഈ സാഹചര്യത്തെ അതിജീവിച്ചുണ്ടാകും. അടിയന്തര ആവശ്യങ്ങൾക്കായി കരുതൽധനം മാറ്റി വയ്ക്കേണ്ടതിൻ്റെ ആവശ്യകത ഇത്തരം സാഹചര്യങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്. ഫണ്ടുണ്ടാക്കുന്നതു പോലെ പ്രധാനം തന്നെയാണ് അതിൻറെ വിനിയോഗരീതിയും. കരുതൽ ധനം ബിസിനസ്സിൻ്റെ അടിയന്തര സാഹചര്യങ്ങളിൽ മാത്രം വിനിയോഗിക്കേണ്ടതാണെന്ന ബോധ്യം എല്ലാ ബിസിനസ്സുകാർക്കും ഉണ്ടായിരിക്കണം.

ഫണ്ട് വകമാറ്റി ചിലവഴിക്കാതിരിക്കുക

ഒരു ബിസിനസ്സുകാരന് പണം ചിലവഴിക്കാൻ നിരവധി കാര്യങ്ങളുണ്ടാകാം. ഒരു സംരംഭം ആരംഭിക്കുമ്പോൾ അതിൻ്റെ ദൈനംദിന ആവശ്യങ്ങൾ മുതൽ അടിയന്തര സാഹചര്യങ്ങൾക്കു വരെ പണം കണ്ടെത്തേണ്ടതായിട്ടുണ്ട്. അതുകൊണ്ട് തന്നെ പണം സൂക്ഷിച്ചു ചെലവഴിക്കേണ്ടത് അത്യാവശ്യമാണ്. ബിസിനസ്സിൽ ഉല്പാദനവും സേവനവും പോലെ തന്നെ പ്രധാനപ്പെട്ടതാണ് പണം കൈകാര്യം ചെയ്യുന്ന രീതിയും. ബിസിനസ്സിൽ നിന്നു കിട്ടുന്ന വരുമാനം പലപ്പോഴും ആഡംബര ജീവിതത്തിനും ചാരിറ്റബിൾ പ്രവർത്തനങ്ങൾക്കും മറ്റുമായി ചിലവഴിച്ചു നഷ്ടത്തിലായ കമ്പനികൾ നിരവധിയാണ്. അതുകൊണ്ടുതന്നെ ഫണ്ട് വകമാറ്റി ചിലവഴിക്കാതിരിക്കാൻ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ബിസിനസ്സിലെ മറ്റു ഘടകങ്ങളെല്ലാം മികച്ചതായാലും പണം കൈകാര്യം ചെയ്യുന്ന രീതി കൃത്യമല്ലെങ്കിൽ അതു ബിസിനസ്സിൻ്റെ വളർച്ചയെ സാരമായി ബാധിക്കും.

മികച്ച ജീവനക്കാർക്ക് വേണ്ടി പണം ചിലവഴിക്കുക

ഒരു കമ്പനി മികച്ച രീതിയിലുള്ളതാകണമെങ്കിൽ അതിലെ ജീവനക്കാരുടെ പങ്ക് വളരെ വലുതാണ്. അതുകൊണ്ടുതന്നെ ജീവനക്കാരുടെ തിരഞ്ഞെടുപ്പ് വളരെ ശ്രദ്ധാപൂർവ്വം ആയിരിക്കണം. നമ്മുടെ ബിസിനസ്സിൻ്റെ വളർച്ചയ്ക്കുതകുന്ന കഴിവുകളുള്ള ജീവനക്കാർക്ക് വേണ്ടി മാത്രം പണം ചിലവഴിക്കുക. ബിസിനസ്സിൻ്റെ വളർച്ചയ്ക്ക് സഹായകമല്ലാത്ത ജീവനക്കാരെ കുറഞ്ഞ ശമ്പളത്തിനായാലും നിയമിക്കുന്നത് നമുക്ക് ഗുണകരമാവുകയില്ല. അതുപോലെ തന്നെ പ്രധാനമാണ് കൃത്യമായ ഫണ്ടില്ലാത്ത സമയത്ത് പുതിയ നിയമനങ്ങൾ നടത്താതിരിക്കുന്നതും. ഇത് ചിലപ്പോൾ തങ്ങളുടെ ജോലിഭാരം ഇരട്ടിയാക്കിയേക്കാം. എന്നിരുന്നാലും ബിസിനസ് വളരുന്നതിനനുസരിച്ച് ഇത്തരം ഒഴിവുകൾ നികത്താവുന്നതേയുള്ളൂ. കുറഞ്ഞ ശമ്പളനിരക്കിൽ ബിസിനസ്സിന് അനുയോജ്യമല്ലാത്ത ഒരു ജീവനക്കാരനെ തിരഞ്ഞെടുത്ത് പരിശീലനം നൽകി അവസാനം ആ ജീവനക്കാരനെ നഷ്ടപ്പെടുന്നതിലും നല്ലത് ആദ്യമേതന്നെ ഉയർന്ന ശമ്പളത്തിലായാലും അനുയോജ്യമായ ഒരു ജീവനക്കാരനെ തിരഞ്ഞെടുക്കുന്നതാണ്. ഇതിലൂടെ നമ്മുടെ സമയവും പണവും ലാഭിക്കാൻ കഴിയും.

പരിചിതമല്ലാത്ത മേഖലയിൽ സൂക്ഷിച്ച് മാത്രം പണം ചിലവഴിക്കുക

നമ്മൾ ബിസിനസ്സ് ആരംഭിക്കേണ്ടത് പരിചിത മേഖലയിൽ ആകുന്നതാണ് ഉത്തമം. അതുപോലെ തന്നെ പ്രധാനമാണ് വിജയിച്ച ഒരു ബിസിനസ്സിൻ്റെ കീഴിൽ മറ്റു ബിസിനസ്സുകൾ തുടങ്ങുമ്പോൾ പരിചിതമേഖല തിരഞ്ഞെടുക്കുക എന്നതും. വിജയിച്ച ബിസിനസ്സിന് കീഴിൽ തീർത്തും വ്യത്യസ്തവും അപരിചിതവുമായ മറ്റൊരു ബിസിനസ്സ് തിരഞ്ഞെടുക്കുകയാണെങ്കിൽ അതാദ്യത്തെ ബിസിനസ്സിലെ പണംകൂടി നഷ്ടമാകാൻ ഇടയുണ്ട്. 

ഒരു ബിസിനസ്സിൽ നിന്നുകൊണ്ട് മറ്റൊരു ബിസിനസ്സുകൂടി ആരംഭിക്കുമ്പോൾ ഉത്തമമായിട്ടുള്ളത് നിലവിലെ ബിസിനസ്സിനോട് ചേർന്നുനിൽക്കുന്നവ തിരഞ്ഞെടുക്കുക എന്നതാണ്. ഇത്തരം തിരഞ്ഞെടുപ്പു രീതി രണ്ട് ബിസിനസ്സുകളെയും ഒരുപോലെ വളരാൻ സഹായിക്കുന്നു. പാൽ ബിസിനസ്സ് ആരംഭിക്കുന്നവർ തൈര്, നെയ്യ് എന്നിവയുടെ ബിസിനസ്സ് കൂടി തിരഞ്ഞെടുക്കുന്നത് ഇത്തരം രീതിയിലാണ്. അതും പ്രധാന സംരംഭത്തിൻ്റെ വളർച്ചാസാധ്യത പൂർണമായും ഉപയോഗപ്രദമാക്കിയതിനു ശേഷം ആകുന്നതാണ് ഉത്തമം.

ഈ അഞ്ച് ഘടകങ്ങൾ കൂടി മനസ്സിലാക്കി മുന്നേറുന്ന ഒരാൾക്ക് തീർച്ചയായും സാമ്പത്തിക അച്ചടക്കമുള്ള വിജയിയായ ഒരു മികച്ച ബിസിനസ്സുകാരനാകാൻ സാധിക്കും.

Leave a Comment