ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന 7 ഭക്ഷണങ്ങൾ

Health, Food

ഹൃദയാരോഗ്യം സംരക്ഷിക്കുക എന്നത് നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഹൃദയം നമ്മുടെ മുഴുവൻ ശരീരത്തിന്റെയും കേന്ദ്രമാണ്.  ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വേണ്ടുന്ന രക്തം പമ്പ് ചെയ്യുകയാണ് ഹൃദയത്തിന്റെ പ്രധാന ധർമം. നെഞ്ചിൻ്റെ  മധ്യഭാഗത്തു നിന്നും ഇടത്തേക്ക് മാറിയാണ് മാംസപേശികളാൽ നിർമ്മിതമായ ഹൃദയത്തിൻ്റെ സ്ഥാനം. ഓരോ വ്യക്തിയുടെയും മുഷ്ടിയുടെ മാത്രം വലിപ്പമുള്ള ഹൃദയത്തിൻ്റെ ആരോഗ്യത്തിന് നാം വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നുണ്ടോ? ഹൃദ്രോഗികളുടെ എണ്ണം ദിനംതോറും കൂടിവരുന്നു എന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. മുമ്പ് മധ്യവയസ്സു കഴിഞ്ഞവരിലാണ് ഹൃദ്രോഗസാധ്യത കൂടുതലെങ്കിൽ ഇന്ന് പ്രായവ്യത്യാസമില്ലാതെ  കുട്ടികളിലും ചെറുപ്പക്കാരിലുമെല്ലാം ഇതിനുള്ള സാധ്യത കൂടുതലാണ്. നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഹൃദ്രോഗികളുടെ എണ്ണത്തിൽ ഇങ്ങനെയൊരു വർധന എന്തുകൊണ്ടാണെന്ന്? തീർച്ചയായും അതിനുള്ള കാരണക്കാർ നമ്മൾ തന്നെയാണ്. നമ്മുടെ ദിനചര്യയിലും ജീവിതശൈലിയിലും ഭക്ഷണരീതിയിലും വന്ന മാറ്റങ്ങളാണ്.

ഹൃദ്രോഗത്തിനുള്ള കാരണങ്ങൾ 

അനാരോഗ്യകരമായ ഭക്ഷണം, അമിതവണ്ണം, വ്യായാമക്കുറവ്, പുകവലി, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം തുടങ്ങിയവയാണ് ഹൃദ്രോഗത്തിനുള്ള പ്രധാന കാരണങ്ങൾ. പതിവായി വ്യായാമം ചെയ്യുക, കൃത്യമായ ഉറക്കം, പുകവലി ഉപേക്ഷിക്കുക, നല്ല ഭക്ഷണരീതി കൊണ്ടുവരുക എന്നിവയിലൂടെ ഒരു പരിധിവരെ ഹൃദ്രോഗങ്ങളെ തടയാൻ കഴിയുന്നതാണ്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങൾ 

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന 7 ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

1. ഓട്സ്

ഓട്സ്

 ഏറ്റവും ആരോഗ്യകരമായ ഒരു ധാന്യമാണ് ഓട്സ്. വൈറ്റമിനുകൾ, മിനറൽ, ആൻറി ഓക്സിഡൻ്റു കൾ എന്നിവ ധാരാളമായി ഇതിൽ അടങ്ങിയിരിക്കുന്നു. ഓട്സിൽ അടങ്ങിയിരിക്കുന്ന ബീറ്റ ഗ്ലൂക്കൻ (Beta Glucan) കൊളസ്ട്രോൾ നിയന്ത്രിക്കുന്നു. ഓട്സ് പതിവായി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. രക്തസമ്മർദ്ദവും കൊളസ്ട്രോളും ശരീരഭാരവും കുറയ്ക്കുക വഴി ഓട്സ് ഹൃദ്രോഗ സാധ്യത കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതായി പഠനങ്ങൾ തെളിയിക്കുന്നു.

2. ഒലിവ് ഓയിൽ 

ഒലിവ് ഓയിൽ

ലോകത്തിലെ ഏറ്റവും ആരോഗ്യകരമായ എണ്ണകളിൽ ഒന്നായി പരിഗണിക്കുന്നതാണ് ഒലിവ് എണ്ണ. ആൻറി ഓക്സിഡൻ്റുകൾ കൊണ്ട് സമ്പന്നമായ ഒലിവെണ്ണ ഉപയോഗിച്ച് പാചകം ചെയ്യാവുന്നതാണ്. ചെറിയ എരിവോട് കൂടിയ  ഈ എണ്ണ മറ്റു എണ്ണകളെ അപേക്ഷിച്ചു രുചിയിൽ നേരിയ വ്യത്യാസമുള്ളതാണ്. ഇത് ശരീരത്തിലെ നല്ല കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുകയും മോശം കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ രക്തസമ്മർദ്ദത്തിൻ്റെ അളവും കുറയ്ക്കുന്നു. ഇത്തരത്തിൽ ഒലിവ് ഓയിലിന്റെ ഉപയോഗത്തിലൂടെ രക്തസമ്മർദ്ദത്തിന്റെയും കൊളസ്ട്രോളിന്റെയും അളവ് കുറയ്ക്കുന്നതു വഴി ഹൃദയാരോഗ്യം  മെച്ചപ്പെടുത്തുന്നു.

3. നട്സ്

നട്സ്

കശുവണ്ടി, ബദാം, വാൾനട്ട്, ആൽമണ്ട്, കപ്പലണ്ടി, കടല എന്നിവയാണ് നമുക്ക് ലഭ്യമായ പ്രധാനപ്പെട്ട നട്സുകൾ. പ്രോട്ടീൻ, ഫൈബർ, ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ആൻറി ഓക്സിഡൻ്റുകൾ എന്നിവ ധാരാളമായി നട്സുകളിൽ അടങ്ങിയിരിക്കുന്നു. എല്ലിന്റെ ആരോഗ്യത്തിനും പ്രമേഹത്തെ തടയുന്നതിനും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനുമെല്ലാം നട്‌സുകൾ സഹായിക്കുന്നു. ഇതിലൂടെ ഹൃദ്രോഗസാധ്യതയെ പ്രതിരോധിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ കാൻസറിനെ പ്രതിരോധിക്കാനുള്ള ശേഷിയും നട്സുകൾക്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നട്സുകൾ നമ്മുടെ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

4. ഓറഞ്ച്

ഓറഞ്ച്

ഒരേസമയം പോഷകസമ്പുഷ്ടവും രുചികരവുമായ പഴവർഗമാണ് ഓറഞ്ച്. വിറ്റാമിൻ എ, വിറ്റാമിൻ സി, ധാതുക്കൾ, ആൻറി ഓക്സിഡൻ്റുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്ന സിട്രസ് വിഭാഗത്തിൽപ്പെട്ട പഴമാണിത്. കാഴ്ചശക്തി വർധിപ്പിക്കാനും കിഡ്നി സ്റ്റോൺ കുറയ്ക്കാനും ഓറഞ്ച് ഉപകരിക്കുന്നു. നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നതിനാൽ കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും സഹായകമാണ്. കൂടാതെ വിറ്റമിൻ സി അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധശേഷിക്കും ഇതുത്തമം തന്നെയാണ്. കൊളസ്ട്രോൾ കുറയ്ക്കുകയും രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യത്തിനും ഓറഞ്ച് ഉത്തമമായി മാറുന്നു.

5. മാതളം

മാതളം

രോഗപ്രതിരോധശേഷിക്ക് ഏറ്റവും ഉത്തമമായ ഒരു ഫലമാണ് മാതളം. പ്രോട്ടീനും വിറ്റാമിനും ആൻറിഓക്സിഡൻ്റുകളും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. മാതളത്തിലെ ആൻറി ഓക്സിഡൻ്റുകൾ രക്തം ശുദ്ധിയാക്കുകയും ആന്തരാവയവങ്ങളുടെ ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും ഇത് തടയുന്നു. ഇതിലൂടെ ഹൃദ്രോഗങ്ങളിൽനിന്നും നമ്മെ സംരക്ഷിക്കുന്നു. ആയുർവേദത്തിൽ ഹൃദ്രോഗത്തിനുള്ള മരുന്നുകളിലും മാതളം ഉപയോഗിക്കുന്നുണ്ട്. ദിവസവും ഒരു മാതളമെങ്കിലും കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണ്.

6. മഞ്ഞൾ

മഞ്ഞൾ

നമ്മൾ മലയാളികൾ ഒട്ടുമിക്ക വിഭവങ്ങളിലും ചേർക്കുന്ന ഒന്നാണ് മഞ്ഞൾ. പലപ്പോഴും ആഹാരത്തിലെ വിഷാംശം മാറ്റാനും ഭക്ഷണത്തിൽ നിറത്തിനുമായാണ് മഞ്ഞൾ ഉപയോഗിക്കുന്നതെങ്കിലും ഇതിന്റെ ഗുണങ്ങൾ നിരവധിയാണ്. വിറ്റാമിൻ സി, വിറ്റാമിൻ ബി6, കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, ചെമ്പ്, മഗ്നീഷ്യം, ആൻറിഓക്സിഡൻ്റുകൾ എന്നിവയെല്ലാം ധാരാളമായി മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. പാലിൽ മഞ്ഞൾപൊടി ചേർത്ത് കുടിക്കുന്നത് രോഗപ്രതിരോധശേഷിക്കു നല്ലതാണ്. കർക്യുമിൻ (Curcumin) എന്ന രാസവസ്തു അടങ്ങിയിരിക്കുന്നതിനാൽ മഞ്ഞൾ കരളിന്റെ ആരോഗ്യത്തെയും സംരക്ഷിക്കുന്നു. അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിനും ഓർമശക്തി വർദ്ധിപ്പിക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുമെല്ലാം ഉത്തമമാണ് മഞ്ഞൾ. പ്രമേഹം, ഹൃദ്രോഗം, കാൻസർ എന്നിവ ഒരു പരിധിവരെ പ്രതിരോധിക്കാൻ മഞ്ഞളിന് സാധിക്കുന്നു.

7. വെളുത്തുള്ളി 

വെളുത്തുള്ളി

നമ്മുടെ അടുക്കളയിലെ മറ്റൊരു സ്ഥിര സാന്നിധ്യമാണ് വെളുത്തുള്ളി. ആഹാരത്തിന് രുചി കൂട്ടാനായിട്ടാണ് ഇത് ചേർക്കുന്നതെങ്കിലും മഗ്നീഷ്യം, ഫോസ്ഫറസ്,വിറ്റാമിൻ A, വിറ്റാമിൻ B2, വിറ്റാമിൻC, കാൽസ്യം, പൊട്ടാസ്യം, ആൻറിഓക്സിഡൻ്റുകൾ എന്നീ ധാരാളം ഘടകങ്ങൾ അടങ്ങിയതാണ്. ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും വെളുത്തുള്ളിയുടെ ഉപയോഗം കൊണ്ട് സാധിക്കുന്നു. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന പോളിസൾഫൈഡ് ചുവന്ന രക്താണുക്കളുമായി ചേർന്ന് ഹൈഡ്രജൻ സൾഫൈഡ് ആയി മാറുകയും ഇത് രക്തത്തിൽ കലരുന്നതുവഴി രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. അമിത കൊളസ്ട്രോൾ കുറയ്ക്കാനും വെളുത്തുള്ളിയുടെ ഉപയോഗത്തിലൂടെ സാധിക്കുന്നു. ഇതുവഴി ഹൃദ്രോഗസാധ്യത കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നു.

ഇത്തരം ഭക്ഷണങ്ങൾ നമ്മുടെ ആഹാരശീലത്തിൽ ഉൾപ്പെടുത്തുക വഴി ഹൃദയാരോഗ്യം സംരക്ഷിക്കാവുന്നതാണ്. ഹൃദയസംബന്ധമായി എന്തെങ്കിലും പ്രശ്നം തോന്നുന്ന സാഹചര്യത്തിൽ വിദഗ്ധനായ ഒരു ഡോക്ടറെ കണ്ട് ചികിത്സതേടേണ്ടതും അത്യാവശ്യമാണ്.

Leave a Comment